02:30pm 13 September 2026
NEWS
ബിൻ ലാദൻ ഇന്ത്യ ആക്രമിക്കാനും ലക്ഷ്യമിട്ടിരുന്നു; രഹസ്യരേഖ പുറത്ത്
13/09/2026  10:27 AM IST
nila
ബിൻ ലാദൻ ഇന്ത്യ ആക്രമിക്കാനും ലക്ഷ്യമിട്ടിരുന്നു; രഹസ്യരേഖ പുറത്ത്

വാഷിങ്ടൺ: 25 വർഷം പഴക്കമുള്ള ഒരു രഹസ്യരേഖ വീണ്ടും ചർച്ചയാകുന്നു. അൽ ഖായിദ തലവനായിരുന്ന ഉസാമ ബിൻ ലാദന്റെ ആക്രമണ ലക്ഷ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉണ്ടായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവന്ന സിഐഎ രേഖകൾ വെളിപ്പെടുത്തുന്നത്. സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ചാണ് ബിൻ ലാദനുമായി ബന്ധപ്പെട്ട 70-ലേറെ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ അമേരിക്ക പരസ്യപ്പെടുത്തിയത്.

1998 ഓഗസ്റ്റ് 28ന് തയ്യാറാക്കിയ ഔദ്യോഗിക രേഖയിലാണ് ബിൻ ലാദൻ ആക്രമിക്കാൻ ലക്ഷ്യമിട്ട രാജ്യങ്ങളെക്കുറിച്ചുള്ള പരാമർശമുള്ളത്. ഇന്ത്യയ്ക്കൊപ്പം പാക്കിസ്ഥാൻ, ഈജിപ്ത്, കുവൈത്ത്, സൗദി അറേബ്യ, യെമൻ, ഉഗാണ്ട, നൈജീരിയ തുടങ്ങിയ രാജ്യങ്ങളുടെയും പേരുകൾ രേഖയിൽ ഉൾപ്പെട്ടിട്ടുണ്ട്.

എന്നാൽ ഇന്ത്യയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇപ്പോഴും ദുരൂഹമാണ്. രാജ്യത്തിന്റെ ഏത് ഭാഗത്താണ് ആക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നത്, ആക്രമണത്തിനായി നിശ്ചയിച്ചിരുന്നത് ഏതെങ്കിലും പ്രത്യേക തീയതിയാണോ തുടങ്ങിയ വിവരങ്ങൾ രേഖയിൽ ലഭ്യമല്ല. സുരക്ഷാ കാരണങ്ങളാൽ വിവരങ്ങളുടെ ഉറവിടവുമായി ബന്ധപ്പെട്ട ചില ഭാഗങ്ങൾ സിഐഎ നീക്കം ചെയ്തിട്ടുണ്ട്.

‘ബിൻ ലാദൻ ഭീകര ശൃംഖല ഇപ്പോഴും ഒരു ഭീഷണി’ എന്ന തലക്കെട്ടിലുള്ള രേഖകളിലാണ് വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. അൽ ഖായിദയുടെ ആഗോള ഭീകര ശൃംഖലയും വിവിധ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള അതിന്റെ പദ്ധതികളും സംബന്ധിച്ച് അന്നത്തെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ വിലയിരുത്തലുകളാണ് രേഖകളിൽ പ്രധാനമായും ഉള്ളത്.

സെപ്റ്റംബർ 11 ആക്രമണത്തിന് കാൽനൂറ്റാണ്ട് പിന്നിടുന്ന ഘട്ടത്തിൽ പുറത്തുവന്ന ഈ രേഖകൾ ബിൻ ലാദന്റെ ഭീകര ശൃംഖലയുടെ വ്യാപ്തിയെയും വിവിധ രാജ്യങ്ങളിലേക്കുള്ള അതിന്റെ ലക്ഷ്യങ്ങളെയും കുറിച്ച് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img